ആലങ്ങാട്: കുടിവെള്ള പൈപ്പ് പൊട്ടിയതോടെ കരുമാലൂർ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലേക്കുള്ള കുടിവെള്ളം മുടങ്ങി.
ആലുവ-പറവൂർ കെഎസ്ആർടിസി റോഡിൽ തട്ടാംപടിയിലാണ് ഇന്നലെ പൈപ്പ് പൊട്ടിയത്. മുപ്പത്തടം ജലശുദ്ധീകരണ ശാലയിൽ നിന്നു വെള്ളം പമ്പ് ചെയ്യുന്ന 250 എംഎം വ്യാസമുള്ള കുഴലാണു പൊട്ടിയത്.
അടിക്കടി പൈപ്പ് പൊട്ടലും റോഡ് കുത്തിപ്പൊളിച്ചു നടത്തുന്ന അറ്റകുറ്റപ്പണിയും മൂലം ജനങ്ങൾ ദുരിതത്തിലാണ്. പരാതി അറിയിച്ചാൽ കുഴലുകളുടെ കാലപ്പഴക്കമാണ് അടിക്കടി പൊട്ടാൻ കാരണമെന്നു പറഞ്ഞ് അധികൃതർ ഒഴിഞ്ഞു മാറുന്നതായാണ് ആക്ഷേപം.
കരാറുകാരൻ സ്ഥലത്തെത്തി തകരാർ പരിഹരിച്ചു മടങ്ങുന്നതിനു പിന്നാലെ വീണ്ടും അവ പൊട്ടുന്ന അവസ്ഥയാണ്. ഒരാഴ്ച മുൻപു പൊട്ടിയ സ്ഥലത്താണ് ഇന്നലെ വീണ്ടും പൈപ്പ് പൊട്ടിയത്.